അപകടത്തിന് പിന്നാലെ വഴിയില്‍ ഉപേക്ഷിച്ചു; യുവാവിന് ദാരുണാന്ത്യം

Jaihind Webdesk
Thursday, September 30, 2021

കോട്ടയം : ഏറ്റുമാനൂരിൽ ഓട്ടോ അപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചയാൾ മരിച്ചു. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം. അതിരപ്പുഴ സ്വദേശിയായ ബിനുമോൻ ആർ (36) ആണ് വഴിയരികിൽ എട്ട് മണിക്കൂറോളം ആരും സഹായത്തിനില്ലാതെ മരണത്തിന് കീഴടങ്ങിയത്.

ഇന്നെലെ രാത്രി 12 മണിയോട് കൂടിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ ഫുട്പാത്തിൽ ഇടിച്ച് കയറി  മറിയുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ബിനുവിനെ ഓട്ടോയിൽ കയറ്റതിനു ശേഷം ആശുപത്രിയിലേക്ക് വിട്ടു. എന്നാൽ  ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബിനുവിനെ ആശുപത്രിയിൽ എത്തിക്കാതെ കടത്തിണ്ണയിൽ ഉപേക്ഷിച്ച് മടങ്ങി. രാവിലെ കടയുടമ എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ഇയാളെ ഫയർഫോഴ്സും പോലീസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബിനുവും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ബിനു വർഷങ്ങളായി അപസ്മാര ബാധിതനാണ്. എന്നാൽ ബിനു മദ്യലഹരിയിൽ തന്നോട് ഒച്ചവെച്ചതുകൊണ്ടാണ് താൻ കടത്തിണ്ണയില്‍ വിട്ടിട്ടുപോയതെന്ന് രാജേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൃത്യമായ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.