കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

Jaihind News Bureau
Friday, July 26, 2019

പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ (88) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി തമിഴ് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും എഴുത്തച്ചന്‍, ആശാന്‍ പുരസ്‌കാരവും നേടി. കവിത, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.