അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ്; രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം, പ്രതിഷേധം കടുപ്പിക്കാൻ എഎപി

Jaihind Webdesk
Friday, March 22, 2024

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ എഎപി. ഇത് രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാർട്ടി  പറഞ്ഞു. ഇഡിയെ മുന്നില്‍ നിർത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്നും ഇഡി ബിജെപിയുടെ ഭാഗമാണെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.

അതേസമയം മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷമാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ഡൽഹി റോസ് അവന്യു പിഎംഎൽഎ കോടതിയാണ് വിധി പറഞ്ഞത്. ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിലാണ് വിധി. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്ന് സ്പെഷൽ ജഡ്ജി കാവേരി ബാജ്​വ അറിയിച്ചു. പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാല്‍ ആറുദിവസത്തേക്കാണ് കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.