‘ബിജെപിയില്‍ ചേർന്നില്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി’; ഓപ്പറേഷന്‍ താമര വെളിപ്പെടുത്തലുമായി ആം ആദ്മി

Jaihind Webdesk
Tuesday, April 2, 2024

 

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി മന്ത്രി അതിഷി മർലേന. ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായും ഇല്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു സുഹൃത്ത് വഴിയാണ് ബിജെപി സമീപിച്ചത്. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപിയുടെ ഓഫറെന്നും അതിഷി പറഞ്ഞു.

കെജ്‍രിവാളിന്‍റെ അറസ്റ്റിലൂടെ എഎപി പിളരും എന്നാണ് ബിജെപി കരുതിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. തന്‍റെ വീട്ടില്‍ വൈകാതെ ഇഡി റെയ്ഡ് ഉണ്ടാകും. എന്നാല്‍ ഭീഷണിയില്‍ ഭയപ്പെടില്ലെന്നും അതിഷി വ്യക്തമാക്കി. രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിന് ആണ് കേന്ദ്രം ശ്രമിക്കുന്നത്. കെജ്‍രിവാള്‍ ഒരിക്കലും രാജി വെക്കില്ലെന്നും അതിഷി വ്യക്തമാക്കി. മന്ത്രി സൗരഭ് ഭരദ്വാജ്, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരാണ് ഭീഷണി നേരിടുന്ന മറ്റ് നേതാക്കളെന്നും അതിഷി വെളിപ്പെടുത്തി.

25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ഝായും രംഗത്തെത്തി. പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യമെന്ന് ഋതുരാജ് പറഞ്ഞു. ഡല്‍ഹിയില്‍  ബിജെപി വീണ്ടും ‘ഓപ്പറേഷൻ താമര’യുമായി ഇറങ്ങിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.