ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന് ബ്ലസിയും നടന് പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി.ജോര്‍ജാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവര്‍ ചിത്രീകരണം തുടങ്ങിയത്. ജോര്‍ദാനില്‍ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പ്രത്യേക ഇളവുകള്‍ നേടി സിനിമാ ചിത്രീകരണവുമായി സംഘം മുന്നോട്ട് പോയെങ്കിലും നാല് ദിവസം മുമ്പ് ചിത്രീകരണം നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിന് വിസ കാലാവധി അവസാനിക്കുമെന്നതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്കി.
ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇറ്റലി,സ്പെയിന് എന്നിവിടങ്ങളില്‍ കുടുങ്ങിയ കുറച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ വേണ്ടി മാത്രം ചില പ്രത്യേക വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ഏപ്രില്‍ 14 വരെ രാജ്യത്തേക്ക് ഇവരെ തിരികെ കൊണ്ടുവരാനാകുമോ എന്ന് സംശയമുണ്ട്.പക്ഷേ, ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. എഴുത്തുകാരന് ബെന്യാമിന്റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി,പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് നടന് പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ആരാധകരില്‍ ഏറെ പ്രതീക്ഷകളും ആശങ്കകളും ഉയർത്തിയിരുന്നു.
ജോർദാനിൽ കുടുങ്ങിയ നടൻ പ്രിഥ്വിരാജിനെയും സംവിധായകൻ ബ്ളസി ഉൽപ്പടെയുള്ള 59 അംഗ സംഘത്തെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വികരിക്കണമെന്നു പ്രതിപക്ഷ നേതാവ് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു