എ.എ റഹീം ഉൾപ്പെടെയുള്ളവർ പുസ്തകങ്ങൾ തിരികെ നൽകുന്നില്ല; യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ ബുക്കുകൾ നഷ്ടമാകുന്നതായി പരാതി

Tuesday, September 6, 2022

കേരള സര്‍വ്വകലാശാല ലൈബ്രറിയില്‍ നിന്ന് വ്യാപകമായി പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നതായി ആരോപണം. രാജ്യസഭാ എംപിയായ എ എ റഹിം ഉള്‍പ്പെടെ എടുത്തിട്ടുള്ള പുസ്തകങ്ങള്‍ തിരികെ സമര്‍പ്പിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പ് മേധാവികളടക്കം പുസ്തകം തിരികെ വാങ്ങാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ജൂണ്‍ മാസം പുറത്തുവന്ന ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കേരള സര്‍വ്വകലാശാലയില്‍ നിന്ന് വ്യാപകമായി പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. ചില വിഐപി അംഗങ്ങള്‍ പുസ്തകങ്ങള്‍ തിരികെ നല്‍കിയിട്ടിയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ
അഖിലേന്ത്യ നേതാവ് എഎ റഹീം എംപി, കേരള സര്‍വകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് ലൈബ്രറിയില്‍ നിന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈപ്പറ്റിയ എട്ട് ഗ്രന്ഥങ്ങള്‍ ഇതേവരെ മടക്കി നല്‍കിയിട്ടില്ല. ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ കൈപ്പറ്റിയ പുസ്തകങ്ങളുടെ ബാധ്യത നാമനിര്‍ദ്ദേശ പത്രികയില്‍ റഹീം മറച്ചുവെച്ചിരുന്നു. 2014 മുതല്‍ 2017 വരെ ഇസ്ലാമിക പഠനവകുപ്പില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന റഹിം നാല് ലക്ഷത്തോളം രൂപ ഫെല്ലോഷിപ്പായി കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്നുവരെയും ഗവേഷണ പ്രബന്ധവും സമര്‍പ്പിച്ചിട്ടില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് പുസ്തക വിവാദവും ഉണ്ടാകുന്നത്. ഭഗത് സിംഗ്, അറബി ചരിത്രം, സ്വദേശാഭിമാനി വക്കം മൗലവി തുടങ്ങി എട്ടോളം പുസ്തകങ്ങളാണ് റഹീം മടക്കി നല്‍കാത്തത്. ആറുമാസത്തില്‍ കൂടുതല്‍ സമയം കൈവശം വയ്ക്കാന്‍ പുസ്തകങ്ങള്‍ പുതുക്കി വാങ്ങേണ്ടതുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നതിനാല്‍ റഹീമിനുമേല്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ മടക്കി നല്‍കുന്നില്ലെന്ന പരാതി വ്യാപമാകുമ്പോഴും പല വകുപ്പു മേധാവിമാരും ഇതിനെതിരെ കണ്ണടയ്ക്കുന്നതായും ആക്ഷേപമുണ്ട്.