‘പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതി’ ; അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് ; വീഡിയോ

Jaihind Webdesk
Monday, April 5, 2021

 

ആലപ്പുഴ : കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് എം.പി. പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതിയെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അത് പറയണം. ഇത് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാണത്തിനിടെയായിരുന്നു  അധിക്ഷേപ പരാമര്‍ശം.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനുപിന്നാലെ സിപിഎമ്മുകാരില്‍ നിന്നും സൈബര്‍ പോരാളികളില്‍ നിന്നും വലിയ അധിക്ഷേപമാണ് അരിതയക്ക് നേരിടേണ്ടി വന്നത്. കറവക്കാരി എന്ന് വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം. അരിതയുടെ വീടിന് നേരെയും സിപിഎം ആക്രമണമുണ്ടായി.

‘കറവക്കാരി’ എന്ന  വിളിയില്‍ അഭിമാനമുണ്ടെന്നായിരുന്നു അരിതയുടെ പ്രതികരണം. ‘കഷ്ടപ്പെട്ട് ജീവിക്കുന്ന ഏതൊരാള്‍ക്കും അഭിമാനമുള്ള കാര്യമല്ലേ അത്? ഇതെല്ലാം പോസിറ്റീവായി കണ്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. നാളെ കായംകുളത്തിന്റെ ജനപ്രതിനിധിയായാലും കുഞ്ഞുനാള്‍ മുതല്‍ കണ്ടു വളര്‍ന്ന പശുക്കളെ വിറ്റുകളയാന്‍ പറ്റുമോ. അപ്പോഴും അച്ഛനെ സഹായിച്ച് മുന്നോട്ട് പോകണം.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നു. രാവിലെ അച്ഛന്റെ കൂടെ പശുവിനെ കുളിപ്പിക്കാന്‍ കൂടും. തീറ്റ എടുക്കാന്‍ പോകും. പാല് കൊടുക്കാന്‍ പോകും. അതിന് ശേഷം ട്യൂഷന്‍ സെന്ററിലേക്ക്. 10 മണിക്ക് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമാകുക എന്നതായിരുന്നു രീതി. ഇനിയും അത് തന്നെ തുടരും’.-അരിത പറയുന്നു.

ഇതിനുപുറമെ, നാട്ടിന്‍പുറത്തെ ട്യൂഷന്‍ സെന്ററിലെ അധ്യാപിക കൂടിയാണ് അരിത. രാവിലെ നാലരയ്ക്ക് അച്ഛനൊപ്പം ഉറക്കമുണരും. അച്ഛനൊപ്പം പശുക്കളെ കുളിപ്പിക്കാന്‍ കൂടും. പിന്നെ പാലുമായി സൊസൈറ്റിയിലേക്ക്. സൊസൈറ്റിക്ക് പുറമേ ഇരുപതോളം വീടുകളിലും പാല് നല്‍കിയിരുന്നു. അവിടെനിന്ന് ടീച്ചറായി ടൂഷന്‍ സെന്ററിലേക്ക്. സാധാരണ ദിവസങ്ങളില്‍ 7.30 മുതല്‍ 10 വരെ ക്ലാസുണ്ടാകും. വൈകുന്നേരങ്ങളിലും ക്ലാസുണ്ടായിരുന്നു. ശനിയാഴ്ച മുഴുവന്‍ സമയവും ക്ലാസുണ്ട്. ഇതിന് പുറമേ വൈകുന്നേരങ്ങളില്‍ വീടുകളില്‍ പോയി കുട്ടികള്‍ക്ക് ക്ലാസ് എടുത്തിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഹോം ട്യൂഷന്‍ നിര്‍ത്തിയെന്നും അരിത പറയുന്നു.

https://www.facebook.com/JaihindNewsChannel/videos/160164565974362