ഇൻസ്റ്റഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്തു; യുവതിക്ക് ക്രൂര മർദ്ദനം

Jaihind Webdesk
Friday, June 28, 2024

 

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം. യുവതിയുടെ കണ്ണിന് ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നു. പ്രതി ഇപ്പോൾ ഒളിവിലാണെന്നാണ് സൂചന. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് സംഭവം .

യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിർഷാദ് എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി. സംഭവത്തിൽ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകൾ ചേർത്തു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .വീട്ടിൽ യുവതിയുടെ ഉമ്മയും യുവതിയും മാത്രമാണ് താമസം. യുവതിയുടെ പിതാവ് ഖത്തറിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ് .

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ :

തന്‍റെ നാട്ടിലുള്ള മിർഷാദ് എന്നയാൾ എന്‍റെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് നിരന്തരം അശ്ലീല മെസേജ് അയക്കുകയും അതിനെതിരെ ഇൻസ്റ്റഗ്രാം വഴി തന്നെ മറുപടി നലകിയിട്ടും വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ യുവാവിന്‍റെ വീട്ടിൽ പോയ് വീട്ടുകാരോട് കാര്യങ്ങൾ പറയുകയും ചെയ്തു. അതിന്‍റെ വൈരാഗ്യത്തിൽ ആണ് തന്നെ അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചത്. ആക്രമണത്തിൽ തന്‍റെ കണ്ണിനും തലക്കും പരുക്കേൽക്കുകയും വിവാഹ നിശ്ചയ സമയത്ത് കെട്ടിയ സ്വർണ്ണം നഷ്ടപ്പെടുകയും ചെയ്തു. കൊടുവള്ളി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും മറ്റൊരു പെൺകുട്ടിയ്ക്കും ഇതുപോലെ സംഭവിക്കരുതെന്നും യുവതി പറഞ്ഞു.