പത്തനംതിട്ട സീതത്തോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; ഇരു കാലുകളിലും ആഴത്തില്‍ മുറിവ്

Jaihind Webdesk
Tuesday, November 29, 2022

പത്തനംതിട്ട: സീതത്തോടിന് സമീപം കോട്ടമൺപാറയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കെഎസ്ഇബി കരാർ തൊഴിലാളിയായ ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കെഎസ്ഇബിയുടെ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വനത്തിൽ ജോലി ചെയ്യുകയായിരുന്ന 18 തൊഴിലാളികളടങ്ങിയ സംഘത്തിലെ അംഗമായിരുന്നു അനുകുമാർ.

ലൈനിന്‍റെ അടിക്കാട് വെട്ടുന്നതിനിടെ കടുവ അനുകുമാറിന്‍റെ കാലുകളിൽ പിടുത്തമിടുകയും കുറെ ദൂരത്തേക്ക് വലിച്ചുകൊണ്ട് പോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ബഹളം വെച്ചതോടെ അനുകുമാറിനെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് മറഞ്ഞു. തുടർന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പരിക്കേറ്റ അനുകുമാറിനെ ചുമന്ന് രണ്ട് മണിക്കൂറോളം നടന്നാണ് സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അനുകുമാറിന്‍റെ രണ്ട് കാലുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.