കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്‍റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്‍റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.
ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്‍റെ ഡിവൈഡറിൽ നിന്നു കാർ വരുന്നതിന്‍റെ വീഡിയോ എടുക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.