ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

Jaihind Webdesk
Friday, March 17, 2023

കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.  ആറളം ഫാമിലെ താമസക്കാരൻ ആയ രഘു (43) ആണ് മരിച്ചത്.  മൃതദേഹം പേരാവൂർ താലൂക് ആശുപത്രിയില്‍ നിന്ന്  പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വിറക് ശേഖരിക്കുന്നതിനിടെ കാട്ടിനുള്ളിൽ മറഞ്ഞ് നിന്നിരുന്ന ആന രഘുവിനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രഘുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രഘുവിൻ്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപെട്ടു.
ആറളം ഫാമിൽ കാട്ടാനയുടെ അക്രമത്തിൽ ഒരു ആദിവാസി കൂടി കൊല്ലപ്പെടുമ്പോൾ ജില്ലാ ഭരണകൂടത്തിന്‍റെയും വനം വകുപ്പിന്‍റെയും പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കായി . രഘു ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് പേരാവൂർ ആശുപത്രിയിൽ എത്തിയ നാട്ടുകാർ ബഹളം വെച്ചു.
ബന്ധുക്കൾ എത്തുന്നതിന് മുന്നെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ മാറ്റുന്നതിൽ സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.