നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന വിധം ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. ലോക് സഭയിലെ ശൂന്യവേളയില്‍ലാണ് രാജ്യത്തെ ആരോഗ്യ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് കെ.സി.വേണുഗോപാല്‍ സഭയുടെ ശ്രദ്ധക്ഷണിച്ചത്.
ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് നഴ്‌സിങ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ മാറ്റണമെന്ന നിലവിലെ വ്യവസ്ഥ കാരണം നഴ്‌സുമാര്‍ ഏറെ ബുദ്ധമിട്ടു നേരിടുകയാണ്. ഇതുകാരണം കേരളത്തില്‍ നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നഴ്സിന് അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക രജിസ്‌ട്രേഷന്‍ എടുക്കേണ്ട അവസ്ഥയാണ്. കൗണ്‍സില്‍ മാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാലും തുടര്‍നടപടി വൈകുന്നുവെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
നഴ്‌സുമാരുടെ കൗണ്‍സില്‍ മാറ്റം ഉള്‍പ്പെടെ പരിഹരിക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ 2018ല്‍ ആരംഭിച്ച നഴ്‌സസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ് സിസ്റ്റം ഏതാണ്ട് നിലച്ചു. ഇത് കാരണം യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നു.ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും, നിരവധി നഴ്‌സുമാര്‍ ഇപ്പോഴും നാഷണല്‍ യുണീക്ക് ഇന്റഗ്രേഷന്‍ നമ്പറിനായി കാത്തിരിക്കുകയാണ്. 36 ലക്ഷത്തിലേറെ നഴ്‌സുമാരുള്ള രാജ്യത്ത് 12 ലക്ഷത്തില്‍ താഴെപേര്‍ക്കാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ളൂവെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
ആശുപത്രിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവും അനുസരിച്ചാണ് വേതനം നല്‍കണമെന്ന സുപ്രീം കോടതി വിധി പോലും നടപ്പാക്കപ്പെടുന്നില്ല. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വളരെ പിന്നിലാണ്.പല നഴ്‌സുമാരും കുറഞ്ഞ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പളം ഉറപ്പാക്കാനുള്ള നടപടിയുണ്ടാകണം. വൈദഗ്ധ്യമുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പാക്കാത്തത് ചികിത്സാ മേഖലയുടെ ഗുണനിലവാരത്തിന് വെല്ലുവിളിയാണ്. ഇത് കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ പ്രക്രിയ എത്രയും വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.