പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; ഉറങ്ങിക്കിടന്ന 13 വയസുകാരന് ദാരുണാന്ത്യം

Jaihind Webdesk
Thursday, July 28, 2022

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പതിമൂന്നുകാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വീട്ടില്‍ ഉറങ്ങുകയായിരുന്ന കാവില്‍തോട്ടം മനയില്‍ ഹരിനാരായണന്‍ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛനെയാണ് പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂര്‍ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയില്‍ വീട് ഇടിഞ്ഞ് താഴ്ന്നത്. അപകട സമയത്ത് മുത്തച്ഛനും ചെറുമകനും മാത്രമാണ് താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും മറ്റുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. അപകടമുണ്ടായതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരും പോലീസുമെല്ലാം ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.