ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ഉണ്ണികൃഷ്ണന് പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ വിശദമായി ചോദ്യം ചെയ്യുന്നത്.
ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കടത്തിക്കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ പാളികള്‍ പിന്നീട് ഇയാള്‍ ഹൈദരാബാദിലെ നാഗേഷിന് കൈമാറിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അനന്തസുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യലിലൂടെ കേസിലെ കൂടുതല്‍ കണ്ണികളെയും വിവരങ്ങളെയും കുറിച്ച് വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.