കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്‍റെയും, ആഷയുടെയും ഇളയമകൾ അപര്‍ണ്ണികയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഈമാസം 11നാണ് അപർണികയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാല്‍, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയില്‍ കാണിച്ചു. വേദന കഠിനമായതോടെ ഞായറാഴ്ച വൈകിട്ടോടെ കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ ചൊവ്വാഴ്ച രാവിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് വേഗത്തില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും, രാവിലെ എട്ടരയോടു കൂടി മരണം സംഭവിക്കുകയായിരുന്നു.
ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും, കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതിനിടയിൽ, ചികിത്സയിലിരിക്കെ കുട്ടിക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടോ എന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചതായി മാതാപിതാക്കൾ പറയുന്നു. അതേ സമയം, സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകി. ഇതിനിടെ, പോസ്റ്റ്‌മോർട്ടത്തിനായി മരിച്ച അപർണികയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.