വാഷിങ്ടന്‍: അമേരിക്കന്‍ തീരത്തേക്ക് മാരക മയക്കുമരുന്നുകളുമായി വന്ന ഒരു അന്തര്‍വാഹിനി തകര്‍ത്തതായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. കരീബിയന്‍ കടലിലെ പാതയിലൂടെയാണ് ഈ അന്തര്‍വാഹിനി സഞ്ചരിച്ചിരുന്നത്. യുഎസ് ഇന്റലിജന്‍സ് സ്ഥിരീകരിച്ചതനുസരിച്ച്, ഈ കപ്പലില്‍ പ്രധാനമായും ഫെന്റാനിലും മറ്റ് നിയമവിരുദ്ധ മയക്കുമരുന്നുകളുമാണ് ഉണ്ടായിരുന്നത്. അന്തര്‍വാഹിനി തീരത്തടുത്തിരുന്നെങ്കില് ഏകദേശം 25,000 അമേരിക്കക്കാര്‍ മരിക്കുമായിരുന്നെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ‘രണ്ട് ഭീകരരെ വധിച്ചു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരെ അവരുടെ ജന്മനാടുകളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയച്ചു,’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ ആക്രമണത്തില്‍ യുഎസ് സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, കരയിലൂടെയോ കടലിലൂടെയോ ലഹരി കടത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെന്റഗണ്‍ എക്സില്‍ പങ്കുവെച്ച ഒരു വീഡിയോ ദൃശ്യത്തില്‍, കടലിലൂടെ സഞ്ചരിക്കുന്ന അര്‍ദ്ധ മുങ്ങിക്കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നതായി കാണാം. വ്യാഴാഴ്ച നടന്ന ഈ ആക്രമണത്തില്‍ രണ്ട് പേര് മരിച്ചതായും, രണ്ട് പേരെ യുഎസ് സൈന്യം പിടികൂടിയതായും ട്രംപ് സ്ഥിരീകരിച്ചു. ഇവരെ ഹെലികോപ്റ്ററില്‍ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റി.
ഇക്വഡോര്‍, കൊളംബിയന്‍ പൗരന്മാരായ ഇവരെ നിയമനടപടികള്‍ക്കായി തിരിച്ചയക്കുകയാണ്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, കൊളംബിയന്‍ പൗരനെ തിരിച്ചയച്ചത് സ്ഥിരീകരിച്ചു. ‘അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, നിയമപ്രകാരം വിചാരണ ചെയ്യപ്പെടും,’ പെട്രോ എക്സില്‍ കുറിച്ചു. ഇതോടെ, സെപ്റ്റംബര്‍ ആദ്യം മുതല്‍ മേഖലയില്‍ ലഹരി മരുന്ന് കപ്പലുകള്‍ക്കെതിരായ യുഎസ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി.
മയക്കുമരുന്ന് കാര്‍ട്ടലുകളുമായി അമേരിക്ക ‘സായുധ പോരാട്ടത്തില്‍’ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ട്രംപ് ഈ നടപടികളെ ന്യായീകരിച്ചു. 9/11 ന് ശേഷമുള്ള ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഭരണകൂടം ഉപയോഗിച്ച അതേ നിയമപരമായ അധികാരം തന്നെയാണ് ട്രംപും അവലംബിക്കുന്നത്. ലഹരി കടത്തുകാരെ പരമ്പരാഗത യുദ്ധ ക്രമീകരണത്തിലെ ശത്രു പോരാളികളായിട്ടാണ് യു എസ് പരിഗണിക്കുന്നത്.