തിരുവനന്തപുരം: ഇന്ന് ലോക പുഞ്ചിരി ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ഒന്നാം വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മാനസിക-ശാരീരിക സംഘര്‍ഷങ്ങളും പിരിമുറക്കങ്ങളും ഉള്ള ഈ ലോകത്ത് ചിരി വലിയ ഒരു മരുന്ന് കൂടിയാണ്. നാമെല്ലാവരും കേട്ടിട്ടുള്ളത് പോലെ ഒരു പുഞ്ചിരി കൊണ്ട് ഏത് വലിയ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാം.
മസാച്യുസെറ്റ്സിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള പ്രശസ്ത ചിത്രകാരനായ ഹാര്‍വി ബോള്‍, പുഞ്ചിരി മുഖം (സ്മൈലി ഫെയ്സ്) സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. അമേരിക്കയിലെ ഒരു ആര്‍ട്ടിസ്റ്റായിരുന്ന ഹാര്‍വി നമ്മുടെയെല്ലാം ജീവിതത്തില്‍ ഒരു ദൈനംദിന സ്വാധീനമാണിന്ന്. അദ്ദേഹം സൃഷ്ടിച്ച സ്‌മൈലി ഫേസുകള്‍ ഒരിക്കലെങ്കിലും പ്രയോഗിക്കാതെ നമ്മുടെ ഒരു ദിവസം കടന്നുപോകുന്നില്ല. ചിരിയെ ഇങ്ങനെ ‘വാണിജ്യവല്‍ക്കരിക്കാം’ എന്നത് അദ്ദേഹത്തിന്റെ തലയിലുദിച്ച ബുദ്ധിയായിരുന്നു.
വിഖ്യാതമായ ആ സ്‌മൈലി ഗ്രാഫിക് ചിത്രം ഹാര്‍വി റോസ് ബാള്‍ ആദ്യമായി സൃഷ്ടിക്കുന്നത് 1963ലാണ്. തന്റെ ഈ ഗ്രാഫിക് ‘കണ്ടുപിടിത്ത’ത്തിന് അദ്ദേഹം പേറ്റന്റ് വാങ്ങിയെടുക്കാനൊന്നും മെനക്കെട്ടില്ല. തത്ഫലമായി സംഗതി ലോകം മുഴുവന്‍ വൈറലായ ഒരു പൊതുസ്വത്തായി മാറി. ഒരു കമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റായാണ് ഹാര്‍വി തന്റെ ജീവിതകാലം മുഴുക്കെ കഴിഞ്ഞത്. വാണിജ്യപരമായ ആവശ്യങ്ങള്‍ക്കുള്ള ആര്‍ട്ടില്‍ അദ്ദേഹം ഒരു എക്‌സ്‌പേര്‍ട്ടായി മാറി. ഒരു പരസ്യക്കമ്പനിയിലെ ആര്‍ട്ടിസ്റ്റായാണ് തന്റെ കരിയര്‍ ഹാര്‍വി തുടങ്ങിവെച്ചത്. പിന്നീടദ്ദേഹം സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി.
പിന്നീട് ഈ സ്‌മൈലി ഫേസ് പലയിടങ്ങളില്‍ പലതരത്തില്‍ ഉപയോഗത്തില്‍ വന്നു. വാര്‍ത്താ മാധ്യമങ്ങള്‍ പൊസിറ്റീവ് വാര്‍ത്തകളുടെ ചിഹ്നമായി വരെ ഉപയോഗിക്കാന്‍ തുടങ്ങി. ബിബിസി ഈ വിഷയത്തില്‍ ഒരു ഡോക്യുമെന്ററി തന്നെ തയ്യാറാക്കി. സ്‌മൈലീസ് പീപ്പിള്‍ എന്നായിരുന്നു ഡോക്യുമെന്ററിയുടെ പേര്.