ഒമാനില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ വിശുദ്ധ റമദാന്‍ 30 ദിനം പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാള്‍ എത്തിയത്. ഒമാന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മലയാളികള്‍ ഉള്‍പ്പടെ വിദേശികളും സ്വദേശികളും സംബന്ധിച്ചു. ഒമാനിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാള്‍ ആശംസ നേര്‍ന്നു. ഈ അനുഗ്രഹീത നിമിഷത്തില്‍, എല്ലാവര്‍ക്കും ഈദ് ആശംസിക്കുകയും ജനങ്ങളുടെ നന്മയ്ക്കും സ്ഥിരതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയുമാണെന്ന്, സുല്‍ത്താന്‍ പറഞ്ഞു. ബൗഷറിലുള്ള സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഈദ് നമസ്‌കാരം നിര്‍വ്വഹിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്.