ആറു വയസുകാരന് ചവിട്ടേറ്റ സംഭവം; ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയില്ല, എല്ലാം വെറും വാക്കോ ?

Jaihind Webdesk
Saturday, November 12, 2022

കണ്ണൂർ: തലശേരിയിൽ ആറു വയസുകാരന് ചവിട്ടേറ്റ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഇല്ല. പൊലീസിന് വീഴ്ച്ചയുണ്ടായെന്ന റിപ്പോർട്ട് വന്ന് അഞ്ച് ദിവസമാകുമ്പോഴും ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുന്നില്ല. തലശേരി പൊലീസ് സ്റ്റേഷനിലെ സിഐക്കും ഗ്രേഡ് എസ് ഐമാർക്കുമടക്കം വീഴ്ച്ച ഉണ്ടായെന്നായിരുന്നു റൂറൽ എസ്പി പി.ബി. രാജീവ് കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. കുട്ടിക്ക് ചവിട്ടേറ്റ ദിവസം സ്റ്റേഷനിൽ എത്തിച്ച പ്രതി മുഹമ്മദ് ഷിഹാദിനെ വിട്ടയച്ചത് ഉൾപ്പടെ മൂന്ന് വീഴ്ച്ചകളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്.

തലശേരി നാരങ്ങാപുറത്ത് കഴിഞ്ഞ മൂന്നിന് രാത്രിയാണ് കാറിൽ ചാരി നിന്ന ആറു വയസുകാരനെ ഷിഹാദ് ചവിട്ടിയത്. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ രാത്രി പൊലീസ് വിട്ടയച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഡി ജി പി അനിൽ കാന്ത് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.