
പാര്‍ട്ടി എന്നാല്‍ ഇങ്ങനെ വേണം! ഒരാളെ കൊന്നിട്ടു വന്നാലും, ഏത് ആരോപണം നേരിട്ടാലും കൂടെ നിര്‍ത്താന്‍ സി.പി.എം. പോലുള്ള ഒരു തണലുണ്ടെങ്കില്‍ സഖാക്കള്‍ക്ക് മറ്റെന്ത് വേണം? ലൈംഗിക ആരോപണങ്ങള്‍ എന്നല്ല, കൊലപാതകം നടത്തിയാല്‍ പോലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി വരെ നേതാക്കളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ സി.പി.എമ്മിന് ഒരു പ്രത്യേക കഴിവുണ്ട്. ‘രാഷ്ട്രീയ സംരക്ഷണം’ എന്നതിന്റെ പുതിയ നിര്‍വ്വചനം എഴുതുന്നത് സി.പി.എം. ആണോ?
സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പ് നയം നമ്മള് ആദ്യമായല്ല കാണുന്നത്. നടനും സി.പി.എം എം.എല്‍.എ.യുമായ എം. മുകേഷിനെതിരായ ലൈംഗിക ആരോപണ പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് സമൂഹം മറന്നിട്ടില്ല. പീഡന കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം മുകേഷിനെതിരെ നടപടി മതിയെന്ന സി.പി.എമ്മിന്റെ നിലപാട് അന്ന് വലിയ ചര്‍ച്ചയായിരുന്നു. ‘പ്രിയപ്പെട്ടവനായ’ മുകേഷിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി കവചം തീര്‍ത്തത് പോലെ, ആരോപണങ്ങള്‍ നേരിട്ട് ജയിലില്‍ കഴിയുന്ന രണ്ട് സി.പി.എം. നേതാക്കളും, സാമൂഹികമായി പ്രതിച്ഛായ നഷ്ടമായി ഇപ്പോഴും മന്ത്രിസ്ഥാനം തുടരുന്നവരെ ഉള്‍ക്കൊള്ളുന്നതും ഇതേ പാര്‍ട്ടി തന്നെയാണ്.
സ്വന്തം പാളയത്തില്‍ ഇത്രയധികം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന നേതാക്കളെ സംരക്ഷിക്കുകയും, പ്രതിപക്ഷത്തെ ഒരു യുവ എം.എല്‍.എ.യായ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണത്തില്‍ അസാധാരണമായ വ്യഗ്രത കാണിക്കുകയും ചെയ്യുന്നതിലെ രാഷ്ട്രീയം വ്യക്തമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പോലുള്ള സ്വന്തം പാളയത്തിലെ ഗുരുതരമായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരേയൊരു ‘ഓഫ്സെറ്റ്’ തന്ത്രമാണിത്. ഇതാണ് സി.പി.എമ്മിന്റെ ‘വിമന്‍ പ്രൊട്ടക്ഷന്‍ പോളിസി’. സ്വന്തം നേതാക്കള്‍ക്കുവേണ്ടി സംരക്ഷണവും, പ്രതിപക്ഷ നേതാക്കള്‍ക്കുവേണ്ടി ‘ആക്രമണവും’. ഈ ഇരട്ടത്താപ്പിന് പൊതുജനം വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുക തന്നെ ചെയ്യും.