തൃശൂരില്‍ മതിലിടിഞ്ഞുവീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

Sunday, July 7, 2024

 

തൃശൂർ: പാവറട്ടിയില്‍ മതിലിടിഞ്ഞുവീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്ക‍ുന്നതിനിടെ മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്‍റെ മകൾ ദേവീഭദ്ര ആണു മരിച്ചത്. അപകടത്തില്‍ മറ്റു രണ്ടു കുട്ടികൾക്ക് പരുക്കേറ്റു.

മതിലിനടുത്തു കുട്ടികൾ കളിക്കുന്നതിനിടെയാണു സംഭവം. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അപകടത്തില്‍ മരിച്ച ദേവീഭദ്ര. ദേവീഭദ്രയ്ക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും കാര്യമായ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.