ഡല്‍ഹി: കാലത്തിന്റെ ഉള്ളറകളിലേക്ക് മരവിച്ചുപോയ ഓര്‍മകള്‍ക്ക് വീണ്ടുമൊരു തിരിച്ചു വരവ്. 1968 ഫെബ്രുവരി 7 ന് ഹിമാചല്‍പ്രദേശിലെ റോത്തങ് പാസിലുണ്ടായ സൈനിക വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയും കരസേനയില്‍ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന് ഉള്‍പ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചില്‍ ദൗത്യത്തിലൂടെ കണ്ടെടുത്തത്. വ്യോമസേനയുടെ എഎന്‍ 12 വിമാനം തകര്‍ന്ന് കാണാതായ മലയാളി സൈനികന് തോമസ് ചെറിയാന്റെതുള്‍പ്പെടെയുള്ള മൃതദേഹ ഭാഗങ്ങളാണ് അഞ്ച് പതിറ്റാണ്ടിന് ശേഷം കണ്ടെത്തിയത്.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയാണ് തോമസ് ചെറിയാന്. മൃതദേഹം കണ്ടെത്തിയ വിവരം സൈനിക വൃത്തങ്ങള്‍ കുടുംബത്തെ അറിയിച്ചു. ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പരേതനായ ഒ.എം.തോമസ് ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോള്‍ 22 വയസ്സായിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
1968 ഫെബ്രുവരി 7 നായിരുന്നു 102 പേരുമായി സഞ്ചരിച്ച ഇരട്ട എഞ്ചിന് വിമാനം എഎന്‍ 12 ചണ്ഡീഗഡില്‍ നിന്നും ലഡാക്കിലേക്കുള്ള യാത്രാ മധ്യേ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസിന് സമീപത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. ചന്ദ്രഭാഗ മൗണ്ടന്‍ എക്സ്പെഡിഷന് മേഖലയില്‍ നിന്നാണ് ഇപ്പോള്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങളില്‍ നിന്ന് കിട്ടിയ സുചനകളാണ് തിരിച്ചറിയാന്‍ സഹായിച്ചത്. ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍ ജോലി ചെയ്തിരുന്ന ശിപായി നാരായണ്‍ സിങ്ങിനെ ഔദ്യോഗിക രേഖകളിലൂടെ തിരിച്ചറിഞ്ഞപ്പോള്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരമാണ് മല്‍ഖാന്‍ സിങ്ങിന്റെ മൃതദേഹം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിലെ ഗര്‍വാളിലെ കോല്‍പാഡി സ്വദേശിയാണ് മല്‍ഖാന്‍ സിങ്ങെന്നും റിപ്പോര്‍ട്ടുകള്‍ പറയിന്നു.
വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹഭാഗങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പലവട്ടം കണ്ടെത്തിയിരുന്നു. അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ പര്‍വതാരോഹകര്‍ 2003 ആണ് ആദ്യമായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ 2005, 2006, 2013, 2019 വര്‍ഷങ്ങളില്‍ തിരച്ചില്‍ ദൗത്യം നടത്തിയിരുന്നു.