കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് ജീവന് നിലനിര്‍ത്തിയതെന്നും പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോര്‍ജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്.
‘സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും സാധാരണക്കാരുമെല്ലാം ചികിത്സക്ക് പോകും. എവിടെയാണോ നല്ല ട്രീറ്റ്മെന്റ് കിട്ടുന്നത് അവിടെ പോകും. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പോകുന്ന മന്ത്രിമാര്‍ എത്രയുണ്ട്. ഞാന്‍ പോയത് മെഡിക്കല്‍ കോളേജിലാണ്. ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. അന്നു മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ശുപാര്‍ശ ചെയ്തു. അവിടെ ചെന്നപ്പോള്‍ പതിനാല് ദിവസം ബോധമില്ലായിരുന്നു. അപ്പോ ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ഹോസ്പിറ്റല്‍ മോശമാണോ? അതൊക്കെ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യമാണ്. ഹോസ്പിറ്റല്‍ അത് എവിടെയും പോകാം.’
സ്വകാര്യ മേഖലയില്‍ കൂടുതല്‍ ടെക്നോളജിയുള്ള ആശുപത്രിയുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയലുണ്ടാവില്ലെന്നും കൂടുതല്‍ ചികിത്സ എവിടെയാണോ കിട്ടുന്നത് അവിടെ പോകണമെന്നും സജി ചെറിയാന് പറഞ്ഞു. ഇവിടുത്തെ പ്രശ്നം സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനയാണ്. അതിനകത്ത് വീണാ ജോര്‍ജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്ത് ചെയ്തു?. അതുകൊണ്ടല്ലേ എല്ലാവരും ഇറങ്ങിയിരിക്കുന്നത്? അതൊന്നും അംഗീകരിക്കില്ലെന്നും വീണാ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുമെന്നും സജി ചെറിയാന് പറഞ്ഞു സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.