അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍കെട്ടി ചുമന്ന്; കാട്ടുവഴിയിലൂടെ 3 കിലോമീറ്റര്‍ സാഹസിക യാത്ര

Jaihind Webdesk
Sunday, December 11, 2022

പാലക്കാട് : അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍കെട്ടി ചുമന്ന്. പൂർണ ഗർഭിണിയായ സുമതി എന്ന യുവതിയെയാണ് ആശുപത്രിയിൽ എത്തിക്കാൻ കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം ചുമന്നത്. ആശുപത്രിയിൽ എത്തിയ ഉടൻ ഇവർ പ്രസവിച്ചു.   കൃത്യമായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ്  ബന്ധുക്കൾ ചേർന്ന് തുണിയില്‍ ചുമന്നത്.

കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. പുറം ലോകത്തേക്കെത്താന്‍  ഇവർക്ക് ഉള്ള ഏക ആശ്രയം  തൂക്കു പാലമാണ്. ഭവാനിപ്പുഴക്ക് കുറുകേ കെട്ടിയ തൂക്കുപാലം കടന്ന് മൂന്നു കിലോമീറ്ററോളം  ആനയിറങ്ങുന്ന കാടിനുള്ളിൽ കൂടി യാത്ര ചെയ്താലെ വാഹനങ്ങൾ ലഭിക്കൂ. സ്വകാര്യ വാഹനങ്ങൾക്കായി ശ്രമിച്ചുവെങ്കിലും ആനപ്പേടി കാരണം ആരും വന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.