കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു

Jaihind Webdesk
Thursday, February 2, 2023

കണ്ണൂർ: ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിക്കും ഭർത്താവിനും ദാരുണാന്ത്യം. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. കുറ്റിയാട്ടുർ സ്വദേശി പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്‍റെ മുൻസീറ്റിലായിരുന്നു. കാറിന്‍റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുമ്പാണ് കാറിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രജിത്താണ് കാർ ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കാറിന്‍റെ മുന്‍ഭാഗത്തുനിന്ന് പടർന്ന തീ പ്രജിത്തിന്‍റെ കാലിലേക്ക് പടർന്നു. പിന്നിലെ ഡോർ തുറന്നുകൊടുത്തത് പ്രജിത്ത് തന്നെയാണ്. മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാത്ത രീതിയില്‍ ജാം ആവുകയായിരുന്നു. നിമിഷനേരം കൊണ്ട് കാർ കത്തിയമർന്നതോടെ മുന്നില്‍ കുടുങ്ങിയ പ്രജിത്തും ഗർഭിണിയായ ഭാര്യ റീഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓടിയെത്തിയവർക്ക് ഒന്നും ചെയ്യാനാകാതെ നിസഹായരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.