എല്ലും തോലുമായി യുക്രെയ്ന്‍ സൈനികന്‍റെ ദയനീയ ചിത്രം; അസ്ഥി മുറിച്ചുമാറ്റി റഷ്യയുടെ ക്രൂരത

Jaihind Webdesk
Tuesday, September 27, 2022

കീവ്: യുദ്ധ വെറിയുടെയും ക്രൂരതയുടെയും ഞെട്ടിക്കുന്ന നേർസാക്ഷ്യമായി റഷ്യൻ സേന പിടികൂടി വിട്ടയച്ച യുക്രെയ്ന്‍ സൈനികന്‍റെ ചിത്രം. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയമാണ് ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്. മിഖേലോ ഡയനോവ് എന്ന സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിനു മുമ്പും വിട്ടയച്ചതിന് ശേഷവുമുള്ള ചിത്രങ്ങളാണ് സമൂഹ മനസാക്ഷിയെ നടുക്കുന്നത്. മെലിഞ്ഞ് എല്ലും തോലുമായ ഡയനോവിന്‍റെ ചിത്രങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.  മുഖത്തും കൈകളിലും മുറിവുകളുണ്ട്. കയ്യിലെ അസ്ഥിയുടെ ഒരു ഭാഗവും മുറിച്ചുമാറ്റി.

‘‘യുക്രെയ്ൻ സൈനികനായ മിഖേലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് ജീവന്‍ തിരിച്ചുകിട്ടിയല്ലോ. ഇത്തരത്തിലാണ് ജനീവ കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണ് റഷ്യ നാസിസം പിന്തുടരുന്നത്’’– ചിത്രങ്ങൾ പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

മരിയുപോളിലെ ഉരുക്ക് നിർമാണശാലയ്ക്ക് നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്. ഇദ്ദേഹമടക്കം 205 തടവുകാരെ റഷ്യ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. അത്യന്തം ക്രൂരമായ പീഡനങ്ങളാണ് തന്‍റെ സഹോദരന് നേരിടേണ്ടിവന്നതെന്ന് സഹോദരി അലോന ലവ്‍റുഷ്കോ പറയുന്നു. കയ്യിലെ അസ്ഥി 4 സെന്‍റിമീറ്ററോളം റഷ്യന്‍ സൈന്യം മുറിച്ചുമാറ്റിയതായും ഡയനോവിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും സഹോദരി അറിയിച്ചു. കീവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് ഡയനോവ് ഇപ്പോഴുള്ളത്.