ശബരിമല യുവതീപ്രവേശം സംബന്ധിച്ച ഭിന്നതയെ തുടർന്ന് ദ്വേസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രാജി നൽകിയെന്ന് സൂചന. കാലാവധി കഴിയാൻ ഇനി ഒരു വർഷം കൂടി ബാക്കി നിൽക്കേയാണ് ഇത്തരത്തിലൊരു നീക്കം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. മകരവിളക്കിന് മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല. പകരം കെ.പി ശങ്കരദാസാണ് അധ്യക്ഷന്റെ ചുമതലകൾ നിർവ്വഹിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ശബരിമല വിഷയത്തെ മുൻനിർത്തി ബോർഡംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാവുകയും ചെയ്തു.
വിവിധ കാര്യങ്ങളിൽ ബോർഡ് പ്രസിഡന്റിന്റെ നിലപാടിനോട് മറ്റ് ബോർഡംഗങ്ങൾക്കുള്ള യോജിപ്പില്ലായ്മയാണ് ഇതിനു കാരണമായത്. ഇതിനിടെ പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് പത്മകുമാറിൽ നിന്നും സർക്കാർ രാജി എഴുതിവാങ്ങിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പത്മകുമാർ തന്നെ രംഗത്ത് വന്നു. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾക്ക് പിന്നിൽ ചിലരുടെ താൽപര്യങ്ങളാണെന്നും താൻ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹം ജയ്ഹിന്ദ് ഓൺലൈനോട് പ്രതികരിച്ചത്. ബോർഡംഗങ്ങളിൽ ഉടലെടുത്ത ഭിന്നത മുതലെടുക്കാൻ സി.പി.എമ്മിലെ ചില നേതാക്കൾ ശ്രമിക്കുന്നതായും സൂചനയുണ്ട്. വിഷയം മുൻനിർത്തി പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന ഇവരുടെ ആവശ്യവും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ആദ്യം മുതൽ തന്നെ പത്മകുമാർ അതൃപ്തി ്രപകടമാക്കിയിരുന്നു. വിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകുമെന്നും തന്റെ വീട്ടിൽനിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിലപാടിനോട് വിയോജിച്ച് രംഗത്ത് വന്നതോടെ ആദ്യ നിലപാടിൽ നിന്നും അദ്ദേഹം മലക്കം മറിഞ്ഞു.
യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്നും മന:പൂർവം അകറ്റി നിർത്തുന്ന സമീപനമാണ് തുടർന്ന് സർക്കാർ സ്വീകരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവർക്ക് ശബരിമല വിഷയം സംബന്ധിച്ച പത്മകുമാറിന്റെ നിലപാടിൽ കടുത്ത വിയോജിപ്പാണുള്ളത്. ഇതിനിടെ ശബരിമല കർമസമിതി പലതവണ ദേവസ്വം േബാർഡ് അധ്യക്ഷന്റെ ആറന്മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റുന്നത് സംബന്ധിച്ച് തീരുമാനം സി.പി.എം ഔദ്യോഗകികമായി പുറത്തു വിട്ടിട്ടില്ല. സി.പി.എമ്മിൽ വിഭാഗീയത കൊടികുത്തി നിന്ന കാലത്ത് പത്തനംതിട്ടയിൽ വി.എസ് പക്ഷത്തിന്റെ അപ്രമാദിത്വമായിരുന്നു. അപ്പോഴും പിണറായിക്കൊപ്പം ചുവടുറപ്പിച്ചു നിന്ന നേതാവു കൂടിയാണ് പത്മകുമാറെന്നതും വസ്തുതയാണ്. ദേവസ്വം ബോർഡ് അധ്യക്ഷ പദവിയിൽ നിന്നും പത്മകുമാറിനെ മാറ്റാനുള്ള നീക്കം സജീവമായി തുടരുന്നതിനിടെ പാർട്ടിയിലെ ഒരു പക്ഷം പ്രസിഡന്റിനൊപ്പമാണെന്നും വിലയിരുത്തലുണ്ട്.