ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിച്ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. 2019 ല്‍ അധ്യക്ഷനായിരുന്ന എ.പദ്മകുമാറിന്റെ ഭരണസമിതിയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്‍പ് പദ്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടാണെന്നും അതില്‍ ദേവസ്വം ബോര്‍ഡിന് യാതൊരു വീഴ്ചയുമില്ലെന്നാണ് പദ്മകുമാര്‍ അന്ന് പറഞ്ഞത്. എന്നാല്‍ കേസെടുത്തതിന് ശേഷവും ന്യായീകരണത്തിന് ഒരു കുറവുമില്ല. നിയമപരമായി നേരിടുമെന്ന് വളരെ ധൈര്യപൂര്വമൊക്കെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. എന്നാല്‍, ഓരോ ദിനവും പുറത്തു വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം തൊടുന്യായങ്ങള്‍ നിരത്തി കൈയൊഴിയാന്‍ കഴിയില്ലെന്നാണ് വ്യക്തമാകുന്നത്.
വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ നടന്നിട്ടില്ലെന്നാണ് എ പദ്മകുമാറിന്റെ ഇന്നത്തെ പ്രതികരണം. പ്രസിഡന്റായിരിക്കെയാണ് ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണ പാളികള്‍ ചെമ്പ് പാളി എന്ന് മഹസറില്‍ രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയ്യില്‍ കൊടുത്ത് വിട്ടത് എന്ന വിജിലെന്‍സ് റിപ്പോര്‍ട്ടിനെപ്പറ്റി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എഫ്ഐആറില്‍ അങ്ങനെ ഉണ്ടെങ്കില്‍ അതിന്റെ മറുപടി പറയേണ്ട ഇടത്ത് പറഞ്ഞ് അവസാനിപ്പിക്കും. ശബരിമലയിലെ താഴികക്കുടം പമ്പയില്‍ കൊണ്ടുവന്നത് തന്റെ കാലത്താണ് എന്ന തരത്തില്‍ ഒരു മാധ്യമം നിരന്തരം വാര്‍ത്ത നല്‍കുന്നുണ്ട്. ഈ സംഭവം ഉണ്ടായത് തന്റെ കാലത്തല്ല എന്ന് ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തിയിട്ടും അവര്‍ തെറ്റായ വാര്‍ത്ത നല്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ എ പദ്മകുമാര്‍ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇനിയും ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും. ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ന്യായീകരണ ക്യാപ്സ്യൂള്‍ മതിയാകില്ല. ആഗോള അയ്യപ്പ സംഗമം തകര്‍ക്കാനുള്ള പ്രതിപക്ഷ നീക്കമാണ് സ്വര്‍ണപ്പാളി വിവാദമെന്ന്് പറഞ്ഞ മുഖ്യമന്ത്രിക്കും ഇനി നിരത്താന്‍ ന്യായങ്ങളുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബോര്‍ഡിന് കൊള്ളയില്‍ പങ്കുള്ളതായി അറിവില്ലെന്ന് നേരത്തെ തന്നെ ക്ലീന്‍ ചിറ്റ് നല്കിയ മുഖ്യമന്ത്രി ഇനിയെങ്കിലും മാളത്തില്‍ നിന്ന്് പുറത്തിറങ്ങി സത്യം വിശ്വാസികളെ ബോദിപ്പിക്കണമെന്നാണ് ആവശ്യം.