
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തനിക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ മാത്രം എങ്ങനെ ഏറ്റെടുക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും, എല്ലാ ബോര്‍ഡ് തീരുമാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും പത്മകുമാര്‍ വാദിച്ചു. കേസില്‍ പ്രധാനമായി ആരോപിക്കപ്പെടുന്ന ചെമ്പ് പാളികളുടെ ഉപയോഗത്തെക്കുറിച്ച് അദ്ദേഹം നല്കിയ വിശദീകരണം ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥര്‍ ആദ്യം രേഖകളില്‍ ‘പിച്ചള പാളികള്‍’ എന്ന് രേഖപ്പെടുത്തുകയും പിന്നീട് അത് ‘ചെമ്പ് പാളികള്‍’ എന്ന് തിരുത്തുകയുമായിരുന്നു. കാരണം, പാളികള്‍ നിര്‍മ്മിച്ചത് ചെമ്പ് ഉപയോഗിച്ചാണ്. ഈ തിരുത്തല്‍ അംഗങ്ങള്‍ക്ക് പിന്നീട് ചൂണ്ടിക്കാണിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യഹര്‍ജിയില്‍ ഉന്നയിച്ച ഈ വാദങ്ങള്‍ കൊല്ലം കോടതി നാളെ പരിഗണിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍, ശബരിമല സ്വര്‍ണക്കൊള്ള സര്‍ക്കാരിനെ തകര്‍ത്തിരിക്കുകയാണ്. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലവില്‍ പ്രതിരോധത്തിലാണെങ്കിലും, ആരോപണങ്ങളെ തള്ളിപ്പറയാനാണ് ശ്രമിക്കുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഉയര്‍ത്തികാട്ടിയാണ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത് ബോര്‍ഡ് ഭരണസമിതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, സര്‍ക്കാരിനെ നേരിട്ട് ബാധിക്കുന്നതല്ലെന്നും പറഞ്ഞ് ഉത്തരവാദിത്തം ഉദ്യോഗസ്ഥരിലേക്കും മുന്‍ ബോര്‍ഡ് ഭരണസമിതിയിലേക്കും ഒതുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു.