ആലപ്പുഴയില്‍ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം; യുവതി കസ്റ്റഡിയിൽ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jaihind Webdesk
Saturday, June 8, 2024

 

ആലപ്പുഴ: ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്. മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്‍റെ പിതാവിന് അയച്ചുകൊടുത്തത്. യുവതിയെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്‍റെ വൈരാ​ഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.

അതേസമയം ഈ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തു. ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. കുഞ്ഞിന്‍റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാനാണ്. അനീഷയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നെന്നും നാലാമത്തെ വിവാഹത്തിനുശേഷം മുജീബ് കഴിഞ്ഞ മാസം ദുബായിലേക്ക് കടന്നുവെന്നും പോലീസ് വ്യക്തമാക്കി.