നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍; അമ്മയ്ക്കെതിരെ കേസ്

Jaihind Webdesk
Tuesday, April 4, 2023

ആലപ്പുഴ:  ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചത് അനുസരിച്ചാണ് ചെങ്ങന്നൂര്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടി മരിച്ചുവെന്നായിരുന്നു യുവതി അറിയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയില്‍ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം അമ്മക്കെതിരെ കേസ് എടുത്തു. പത്തനംതിട്ട ആറന്മുള പോലീസ് ആണ് കേസെടുത്തത്.