ഐ പി എല്‍ താരലേലത്തില്‍ സര്‍പ്രെസ് താരമായി മാറിയ മലയാളി താരം വിഘ്‌നേഷ് പൂത്തൂര്‍ എന്‍ട്രി മാസാക്കി. ആദ്യ മല്‍സരത്തില്‍ തന്നെ സൂപ്പര്‍ താരങ്ങളെ പുറത്താക്കി കേരളത്തിന്റെ ചൈനമാന്‍ വരവ് ഗംഭീരമാക്കി. ചെന്നൈയുടെ 3 സൂപ്പര്‍ ബാറ്റര്‍മാരെയാണ് മുംബെയുടെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഘ്‌നേഷ് കൂടാരം കയറ്റിയത്.
ഐ പി എല്‍ താരലേലത്തിന്റെ അവസാന മണിക്കൂറിലാണ് വിഘ്‌നേഷ് പൂത്തൂര്‍ എന്ന പെരിന്തല്‍മണ്ണക്കാരനെ മുംബൈ അപ്രതീക്ഷിതമായി ലേലം കൊണ്ടത്. അധികം താര പ്രഭയൊന്നുമില്ലാതിരുന്ന വിഘ്‌നേഷിലെ സ്പാര്‍ക്ക് മുംബൈ മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നു. കെസിഎല്ലില്‍ ആലപ്പുഴ റിപ്പിള്‍സിനായി ജേഴ്‌സിയണിഞ്ഞ വിഘ്‌നേഷിന്റെ ഓള്‍ റൗണ്ട് മികവ് മുബൈ സ്‌കൗട്ടുകളുടെ കണ്ണിലുടക്കി. എന്തായാലും വിഘ്‌നേഷിനെ കൂടെക്കുട്ടിയത് ശരിയായ തീരുമാനമെന്ന് ഇന്നലെ ചെന്നൈയ്ക്ക് എതിരായ മല്‍സരത്തില്‍ മുംബൈ തെളിയിച്ചു.
മുംബൈക്ക് എതിരെ ചെന്നൈ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുമ്പോഴാണ് നായകന്‍ സൂര്യകുമാര്‍ യാദവ് വിഘ്നേഷിനെ പന്തെറിയാന്‍ വിളിച്ചത്. ആദ്യ ഓവറില്‍ ചെന്നൈ നായകന്‍ റിതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയായിരുന്നു ഐ പി എല്ലിലെ ആദ്യ വിക്കറ്റ് നേട്ടം. തന്റെ രണ്ടാം ഓവറില്‍ കൂറ്റനടിക്കാരന്‍ ശിവം ദുബൈ വിഘ്നേഷിന് മുന്നില്‍ അടിയറവ് പറഞ്ഞു. മൂന്നാം ഓവറില്‍ ദീപക് ഹൂഡയും.
മുംബൈ മുന്‍നായകനും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഇറങ്ങിയാണ് വിഘ്‌നേഷ് ഐ പി എല്ലിലെ പുത്തന്‍ മലയാളി താരോദയമായി മാറിയത്. വിഘ്‌നേഷിന്റെ ഓരോ വിക്കറ്റ് നേട്ടത്തിലും സൂര്യകുമാര്‍ യാദവ് അടക്കമുള്ള മുംബൈ താരങ്ങള്‍ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോള്‍ ഓരോ മലയാളിക്കും അഭിമാന നിമിഷമായി. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം ഇനിയുള്ള ഓരോ മല്‍സരങ്ങളിലും മുംബൈ നിരയിലെ സ്ഥിരസാന്നിധ്യമാകുമെന്ന് ഉറപ്പാക്കി. കേരളത്തിനായി അണ്ടര്‍ 14, 19, 23 വിഭാഗങ്ങളില്‍ കളിച്ച, സീനിയര്‍ ടീമിലൊന്നും കളിച്ചിട്ടില്ലാത്ത വിഘ്‌നേഷ് ഇന്ത്യന്‍ കുപ്പായം അണിയുന്ന കാലം വിദൂരമല്ലെന്ന വിലയിരുത്തലും ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ നടത്തുന്നു. ഐ പി എല്ലിലെ ആദ്യ എന്‍ട്രി നന്നായി ഉപയോഗിച്ച വിഘ്‌നേഷ് എന്ന മലയാളി ക്രിക്കറ്ററിന് സൂര്യകുമാര്‍ യാദവ് മല്‍സര ശേഷം പറഞ്ഞത് പോലെ ബ്രൈറ്റ് ഫ്യൂച്ചര്‍ തന്നെയുണ്ടാകും.