മറ്റൊരു ദുരന്തം ഉണ്ടാകരുത്, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി യുഡിഎഫ് എംപിമാർ

Jaihind Webdesk
Wednesday, August 7, 2024

 

ന്യൂഡൽഹി: കേരളത്തിൽ മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് നിവേദനം നൽകി. പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ഡാം സേഫ്റ്റി നിയമത്തിന് ആധാരമായി എൻഡിഎസ്എ (നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി) ശാക്തീകരിച്ചു കൊണ്ട് നടപ്പാക്കണം. രണ്ടു സംസ്ഥാനങ്ങളെയും കൂട്ടി യോജിപ്പിച്ച് സുപ്രീം കോടതി വിധിക്ക് അനുസരിച്ച് സൂപ്പർവൈസറി കമ്മറ്റിയുടെ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാവുന്നതാണ്.

2022 ഏപ്രിൽ 8-ന് പുറത്തുവന്ന സുപ്രീം കോടതി വിധി അനുസരിച്ച് ഡാമിന്‍റെ അറ്റകുറ്റപ്പണികള്‍, മാനേജ്‌മെന്‍റ് ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ എൻഡിഎസ്എയുടെ പരിധിയിലേക്ക് മാറ്റപ്പെടേണ്ടതാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചേർത്ത് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ആന്‍റോ ആന്‍റണി തുടങ്ങിയവർ ചേർന്നാണ് നിവേദനം മന്ത്രിക്ക് നൽകിയത്.