കോടികള്‍ മുടക്കി നിർമ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു; രോഗികള്‍ ദുരിതത്തില്‍

Jaihind Webdesk
Monday, June 17, 2024

 

ആലപ്പുഴ: നൂറനാട് കുഷ്ഠരോഗാശുപത്രിക്ക് വേണ്ടി കോടികൾ മുടക്കി നിർമ്മിച്ച മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം കാടുകയറി നശിക്കുന്നു. രണ്ടു വർഷമായി ആശുപത്രി കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തിയായിട്ട്. 100 വർഷത്തിലേറെ പഴക്കമുള്ള ഒപി പ്രവർത്തിച്ചിരുന്ന കെട്ടിടം ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണു. ഇതോടെ ഒപിയുടെ പ്രവർത്തനം താറുമാറായി. എന്നിട്ടും പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റാന്‍ അധികൃതർ തയാറാകാത്തത് രോഗികള്‍ സമ്മാനിക്കുന്നത് ദുരിതകാലം.

സമീപത്തെ മറ്റോരു കെട്ടിടത്തിലേക്ക് ഒപിയുടെ പ്രവർത്തനം താല്‍ക്കാലികമായി മാറ്റിയെങ്കിലും സ്ഥലപരിമിതി കാരണം രോഗികൾ വിഷമിക്കുകയാണ്. വർഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ ഏറെയും. നിലവിൽ ഒപി പ്രവർത്തിച്ച കെട്ടിടം തകർന്നിട്ടും പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടം തുറന്നു പ്രവർത്തിക്കാൻ അധികൃതർ തയാകുന്നില്ല. അകത്തും പുറത്തും കാടുകയറി കെട്ടിടം നശിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അധികൃതർ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. രോഗികളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.