മോദി വയനാട് സന്ദര്‍ശിച്ചിട്ട് ഒന്നരമാസം കഴിഞ്ഞു; കേന്ദ്രസഹായം ഇപ്പോഴും വിദൂരത്ത്; ഒന്നും മൊഴിയാതെ മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും

Jaihind Webdesk
Saturday, September 28, 2024

തിരുവനന്തപുരം: ഏവരെയും ഞെട്ടിച്ച വയനാട് ഉരുള്‍ പൊട്ടലുണ്ടായിട്ട് രണ്ട് മാസത്തോളമാവുകയാണ്. ഉറ്റവരും ഉടയവരും നഷ്ടമായവര്‍ക്ക് സഹായം എത്തിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് കേരളം കണ്ടത്. പ്രധാനമന്ത്രിയില്‍ നിന്നും വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിച്ചു. ഒപ്പമുണ്ടാകും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞിട്ട് ദിവസം അമ്പതാവുകയാണ്. ഇതുവരെ ഒരു രൂപയുടെ സഹായം പോലും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ദുരിതബാധിതര്‍ക്കുള്ള സഹായം വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രവും സംസ്ഥാനവും വ്യക്തമാക്കുന്നില്ല. മുഖ്യമന്ത്രി ഒന്നരമണിക്കൂര്‍ പത്രസമ്മേളനം നടന്നിട്ടും സഹായം വൈകുന്നത് എന്തുകൊണ്ടെന്ന് പറയുന്നില്ല. പ്രധാനമന്ത്രി നിര്‍ദേശിച്ചതു പോലെ ഒരു മെമ്മോറാണ്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കൈമാറി. ഓഗസ്റ്റ് 27നായിരുന്നു ഈ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടന്നത്. കേരളത്തിന്റെ ആവശ്യങ്ങളും നഷ്ടത്തിന്റെ വ്യാപ്തിയും ഉള്‍പ്പെടുത്തിയുള്ള അപേക്ഷയാണ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് മാസം ഒന്നായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിനിടെ കേന്ദ്രത്തിന് മുന്നില്‍ കേരളം നല്‍കിയ കണക്കുകള്‍ പുറത്തുവന്നത് വിവാദമായിരുന്നു. യഥാര്‍ത്ഥ കണക്കുകളേക്കാള്‍ വലിയ തുകയാണ് രേഖപ്പെടുത്തിയത്. ഇത് ചിലവാക്കിയ തുക അല്ലെന്നും എസ്റ്റിമേറ്റ് ആണെന്നും സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും വിവാദം അടങ്ങിയിട്ടില്ല. ഇതിലൊന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായതുമില്ല. കേന്ദ്രസഹായം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കൃത്യമായ ഒരു മറുപടി നല്‍കിയിട്ടില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് ചോദിക്കൂ എന്ന് മാത്രമായിരുന്നു മറുപടി.

കേന്ദ്ര സഹായം വൈകുന്നതില്‍ കാര്യമായ ഒരു പ്രതികരണവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പകരം കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുന്നവരെ കേന്ദ്രസഹായം തടയാന്‍ ശ്രമിക്കുന്നവരായി ചിത്രീകരിച്ചുളള രാഷ്ട്രീയ പ്രതികരണങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രവും സംസ്ഥാനവും ഒന്നും മിണ്ടാതെ ഇരിക്കുമ്പോള്‍ പെരുവഴിയിലായിരിക്കുന്നത് എല്ലാം നഷ്ടപ്പെട്ട് ഇനി ജീവിതം എങ്ങനെ എന്ന് അറിയാത്ത വയനാട്ടിലെ സാധാരണക്കാരാണ്.