മലപ്പുറം: താനൂരിൽ തോണിമറിഞ്ഞ് യുവാവ് മരിച്ചു. താനൂർ അഴിമുഖത്തിന് സമീപം തൂവൽ തീരത്താണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞുവരികയായിരുന്ന തോണി മറിഞ്ഞാണ് അപകടമുണ്ടായത്. ഫക്കീർപള്ളി സ്വദേശി കോട്ടിലകത് റഷീദിന്റെ മകൻ മുഹമ്മദ് റിസ് വാനാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. റിസ് വാന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും നീന്തി രക്ഷപെട്ടു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഒരു മണിക്കൂർ കഴിഞ്ഞാണ് റിസ് വാനെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരയും പ്രതികൂല കാലാവസ്ഥയും തിരച്ചലിനെ ബാധിച്ചിരുന്നു.