ബ്രിട്ടനില്‍ മലയാളി നഴ്സും രണ്ടുമക്കളും വെട്ടേറ്റ് മരിച്ചു; ഭര്‍ത്താവ് പിടിയില്‍

Jaihind Webdesk
Friday, December 16, 2022

കോട്ടയം: ഇംഗ്ലണ്ടിലെ  കെറ്ററിങ്ങില്‍ മലയാളി നഴ്സിനെയും രണ്ടുമക്കളെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങില്‍ താമസക്കാരുമായ  അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52) പൊലീസ് കസ്റ്റഡിലാണ്

യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന അഞ്ജു കഴിഞ്ഞ ദിവസങ്ങളിൽ ജോലിസ്ഥലത്ത് എത്തിയിരുന്നില്ല. ഇവരുടെ ബന്ധുക്കൾ ഫോണിൽ പലപ്പോഴും വിളിച്ചിരുന്നെങ്കിൽ അഞ്ജു ഫോൺ എടുത്തില്ല. ഇതിനെ തുടർന്ന് ബന്ധുക്കൾ യുകെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. യുകെ മലയാളീ സമാജവുമായി ബന്ധപ്പെട്ട ആളുകൾ അഞ്ജുവിന്‍റെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. ഇതിനെ തുടർന്ന് ഇവർ യുകെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് അഞ്ജുവിനെയും മക്കളായ ജീവയെയും, ജാൻവിയെയും ചോരയില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ കൊല്ലപ്പെട്ട അജ്ഞുവിന്‍റെ  ഭർത്താവ് സാജു യുകെയിൽ ജോലി ശരിയാകാത്തതിൽ ഏറെക്കാലമായി മനോവിഷമത്തിലായിരുന്നുവെന്ന് അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ യുകെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യു.കെ നോര്‍ത്താംപ്റ്റണ്‍ ഷെയര്‍ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്‍റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്‍റെ  ഭർത്താവ് സാജുവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണം സംബന്ധിച്ച്‌ മറ്റുകാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് കുടുംബം യു.കെയിലേക്ക് താമസം മാറ്റിയത്.