തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; ആറ് പേര്‍ പിടിയില്‍

Jaihind Webdesk
Sunday, January 15, 2023

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. വ്യാഴാഴ്ചയാണ് ബംഗളൂരു-പുതുച്ചേരി ഹൈവേക്ക് സമീപം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. പ്രദേശവാസികളായ ആറ് പേർ ചേർന്നാണ് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി 7 മണിയോടെ ഇരയും അവളുടെ പുരുഷ സുഹൃത്തും ഒരു സ്വകാര്യ സ്കൂളിന് സമീപം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ചംഗ സംഘം വളയുകയും ഇരയുടെ സുഹൃത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ആണ്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലാതെന്നാണ് വിവരം. കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക്  പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.