കോണ്‍ഗ്രസിന്‍റെ കരുതലില്‍ ദിനേശന്‍റെ കുടുംബത്തിന് സ്നേഹവീടൊരുങ്ങി; താക്കോല്‍ ദാനം നാളെ

Jaihind Webdesk
Saturday, July 24, 2021

 

കണ്ണൂർ : അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന്‍റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി കണ്ണൂർ പിണറായി എരുവട്ടിയിലെ കോൺഗ്രസ് പ്രവർത്തകർ. എരുവട്ടി പൊട്ടൻപാറയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന പി.വി ദിനേശന്‍റെ നിർധന കുടുംബത്തിനാണ് പൊട്ടൻപാറ ഇന്ദിര ഭവൻ പ്രവർത്തകർ സ്നേഹവീട് നിർമ്മിച്ച് നൽകുന്നത്. സർവ്വോദയ എന്ന് പേരിട്ടിരിക്കുന്ന വീടിന്‍റെ താക്കോൽ ദിനേശന്‍റെ കുടുംബത്തിന് നാളെ കൈമാറും.

പി.വി ദിനേശന്‍റെ നിർധന കുടുംബത്തിനെ സഹായിക്കുന്നതിനാണ്ഇന്ദിര ഭവൻ പൊട്ടൻ പാറയിലെ പ്രവർത്തകരും കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് വീടുനിർമ്മാണം ആരംഭിച്ചത്. സിപിഎം ഗ്രാമമായ പിണറായിൽ ഒരുപാടു കാലം സജീവമായി കോൺഗ്രസിന് വേണ്ടി പ്രയത്നിച്ച വ്യക്തിയായിരുന്നു പി.വി ദിനേശൻ. ആകസ്മികമായ ദിനേശന്‍റെ നിര്യാണത്തെ തുടർന്ന് കുടുംബത്തിന് വീട് നിർമ്മിച്ചുനൽകാൻ സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സേവനമനസ്കരായ പിണറായിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ശ്രമദാനത്തിലൂടെ വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

സഹപ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ പണം സ്വരൂപിച്ചാണ് വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. സഹപ്രവർത്തകന്‍റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി സേവനത്തിന്‍റെയും കരുതലിന്‍റെയും പുതുചരിത്രമാണ് പിണറായിലെ കോൺഗ്രസ് പ്രവർത്തകർ സൃഷ്ടിക്കുന്നത്.