കേരളത്തിലെ ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമാണ്; ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം, സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഗാഡ്ഗിൽ

Jaihind Webdesk
Thursday, August 15, 2024

 

വയനാട്: സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് പരിസ്ഥിതി പ്രവര്‍ത്തകൻ ഡോ. മാധവ് ഗാഡ്ഗില്‍. കേരളത്തിലെ ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ല. വലിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്‍പ്പിക്കണമെന്നും തേയില തോട്ടങ്ങള്‍ ലേബര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റികള്‍ ഏറ്റെടുക്കണമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ അടക്കം മുമ്പ് ഉണ്ടായ ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.