സിപിഎം മുതിര്‍ന്ന നേതാവ് കെ.അനിരുദ്ധന്‍റെ മകന്‍ എ.കസ്തൂരി ഇനി ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡന്‍റ്

Jaihind News Bureau
Monday, March 24, 2025

സിപിഎമ്മിന്‍റെ കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന കെ.അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 23 ആം തീയതി നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുന്‍ എം.പിയും സിപിഎം പ്രവര്‍ത്തകനുമായ എ.സമ്പത്ത് സഹോദരനാണ്. രാഷ്ട്രീയ നിലപാടുകളില്‍ വൈരുദ്ധ്യമുണ്ടെങ്കിലും തൊട്ടടുത്ത വീടുകളിലാണ് ഇരുവരുടെയും താമസം.

ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുക എന്നതാണ് ഇടത് പാര്‍ട്ടികളുടെ എക്കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധന്‍ പറഞ്ഞു. തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.