
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകള്‍ സഹിതം പരാതി ലഭിക്കുന്നത്. ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടി ആവശ്യപ്പെട്ട് റൂള്‍ 7 പരാതി നല്‍കിയ വിവരം എന്‍ പ്രശാന്ത് ഐ എ എസ് പുറത്ത് വിട്ടതിനു പിന്നാലെ ഞെട്ടലിലാണ് കേരളം. ഡോ. ജയതിലകിന്റെ നിയമപരമായ സ്വത്ത് വിവര റിട്ടേണുകളും രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍ തുടങ്ങിയ രേഖകളും തമ്മിലുള്ള വലിയ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുന്നു.വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ മറച്ചുവെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് ബെനാമി കരാറുകളിലൂടെ പണം കൈപ്പറ്റുക എന്നിവയെല്ലാം ആരോപിക്കപ്പെടുന്നു.
ഇത്രയും ക്രമക്കേടുകള്‍ ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ എന്തിനാണ് ജയതിലകിനെ ചേര്‍ത്ത് പിടിക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് ആദ്യമായിട്ടല്ല എ ജയതിലക് തെറ്റായ മാര്‍ഗങ്ങളിലൂടെ പ്രശസ്തി സമ്പാദിക്കുന്നത്. മുട്ടില്‍ മരം മുറി കേസില്‍ നിയമവിരുദ്ധ ഉത്തരവ് ഇറക്കിയ ജയതിലകിന്റെ പങ്ക് സര്‍ക്കാര്‍ അന്വേഷിച്ചില്ല എന്ന പരാതി ഉന്നയിച്ചത് മുന്‍ പ്രോസിക്യൂട്ടറാണ്. ജയതിലക് തെറ്റായ ഉത്തരവിറക്കി മരം മുറിക്കലിന് കൂട്ടു നിന്നു എന്നും അന്വേഷണം അട്ടിമറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഈ നിമിഷം വരെയും ഒരു പ്രതികരണം നടത്തിയിട്ടില്ല.
ഇപ്പോഴിതാഅനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകള്‍ നിരത്തിയുള്ള പരാതിയും. ഇനി എന്താണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിനെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അന്നത്തെ ചീഫ് സെക്രട്ടറിയുടെ താല്‍പ്പര്യത്തില്‍ മൂന്ന് ദിവസത്തിനകം സസ്‌പെന്‍ഡ് ചെയ്ത ചരിത്രം കേരളത്തിന് മുന്നിലുണ്ട്. ഇപ്പോള്‍ താരതരം പോലെ സസ്പെന്‍ഷന്‍ നീട്ടുകയും ചെയ്യുകയാണ്. സത്യം വിളിച്ചു പറയുന്ന എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടുന്നതില്‍ കാര്യമായ ഒളിച്ചുകളി നടക്കുന്നു എന്ന് വ്യക്തമാണ്.
നിയമത്തിനു മുന്നില്‍ ഏവരും തുല്യരാണ്. ജൂനിയര്‍ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധ്യമല്ല. നീതിബോധവും ധര്‍മ്മവും അല്പം എങ്കിലും ഉണ്ടെങ്കില്‍, ഡോ. ജയതിലകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ധൈര്യം ഉണ്ടോ എന്നാണ് കേരളം ചോദിക്കുന്നത്. അതല്ല എങ്കില്‍ അത്രമാത്രം ദൃഢമായ ബന്ധം സര്‍ക്കാരും ജയതിലകും തമ്മിലുണ്ട് എന്ന് വ്യക്തമാവുകയും ചെയ്യും.