കോട്ടയം നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ചു

Jaihind Webdesk
Sunday, July 7, 2024

 

കോട്ടയം: നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ചു. കോട്ടയം നീണ്ടൂർ കൈപ്പുഴയിൽ മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടം തങ്കച്ചന്‍റെ വീടിനാണ് തീപിടിച്ചത്. ഞായറാഴ്ച ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്. തങ്കച്ചനും, കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് സംഭവം. സമീപത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് തങ്കച്ചന്‍റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്.

തുടർന്നു നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സും എത്തിയിരുന്നു. വീടിന്‍റെ അടുക്കള ഭാഗത്താണ് തീ പിടിച്ചത്. വയറിംഗ് സംവിധാനങ്ങൾ, ഫ്രിഡ്ജ്, വാഷിംങ് മെഷീൻ, വിലപിടിപ്പുളള മറ്റ് നിരവധി ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ അടക്കം കത്തി നശിച്ചു. പാചക വാതക സിലണ്ടർ അടക്കം അടുക്കളക്കുള്ളിൽ സൂക്ഷിച്ചിരുന്നുവെങ്കിലും ഇതിലേക്ക് തീ പടരാതിരുന്നതും തീപിടുത്തത്തിന്‍റെ വ്യാപ്തി കുറച്ചു.