ഉന്നതാധികാര മേൽനോട്ടസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തും

Thursday, June 13, 2024

Mullaperiyar-Dam-1

 

ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര മേൽനോട്ടസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തും. അണക്കെട്ട് സന്ദർശനത്തിന് ശേഷം കുമളിയിൽ കേരള-തമിഴ്നാട് സംയുക്ത യോഗം ചേരും. പുതിയ അണക്കെട്ട് നിർമ്മിക്കുന്ന കാര്യങ്ങൾ കേരളം ഉന്നയിക്കുമെങ്കിലും തമിഴ്നാട് തടസപ്പെടുത്താനാണ് സാധ്യത.

എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നി‍ർദ്ദേശ പ്രകാരമാണ് നടപടി. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികള്‍ സംഘം പരിശോധിക്കും. വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡിന്‍റെ അവസ്ഥയും പരിശോധിക്കും.

കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്, ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയ‍ർമാൻ ആർ. സുബ്രഹ്മണ്യൻ എന്നിവരും അംഗങ്ങളാണ്. പരിശോധനയ്ക്ക് ശേഷം സംഘം കുമളിയിൽ യോഗം ചേരും.