തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണം; ലോക്‌സഭയിൽ വീണ്ടും ശശി തരൂരിന്‍റെ സ്വകാര്യ ബിൽ

Jaihind Webdesk
Saturday, July 27, 2024

 

ന്യൂഡല്‍ഹി: കേരളത്തിന്‍റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഡോ. ശശി തരൂർ എം.പി ലോക്‌സഭയിൽ സ്വകാര്യ ബില്ലിലൂടെ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ കക്ഷിയാകുന്ന ഹൈക്കോടതിയിലെ കേസ് നടത്തിപ്പുകൾക്കായി പോകുന്ന ഉദ്യോഗസ്ഥരുടെ യാത്രാബത്ത ഇനത്തിൽ കോടിക്കണക്കിനു രൂപയാണ് സംസ്ഥാന സർക്കാർ ചെലവാക്കുന്നത്. ഈ അനാവശ്യ ചെലവ് നീതികരിക്കാനാകാത്ത പ്രവൃത്തിയാണ്.

ഭീമമായ സാമ്പത്തിക ബാധ്യതക്കൊപ്പം തന്നെ കേസ് നടത്തിപ്പിനായി പോകുന്ന ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസുകളുടെ പ്രവർത്തനവും തടസപ്പെടുന്നു. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും സാമ്പത്തിക-സമയ നഷ്ടങ്ങൾ ഒഴിവാക്കാനായി തലസ്ഥാനത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് സ്വകാര്യ ബില്ലിൽ ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ശശി തരൂരിന്‍റെ മൂന്നാമത്തെ സ്വകാര്യ ബില്ലാണിത്. ആദ്യത്തേത് 2014-ലും രണ്ടാമത്തേത് 2021-ലും ആയിരുന്നു അവതരിപ്പിച്ചത്. ട്രാൻസ്ജെന്‍ഡറുകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനായുള്ള സ്വകാര്യ ബില്ലും ശശി തരൂർ ലോക്സഭയിൽ അതരിപ്പിച്ചു. കൂടാതെ 30 വയസിനു താഴെയുള്ളവർക്കായി ലോക്‌സഭയിൽ പത്ത് സീറ്റുകൾ സംവരണം ചെയ്യണമെന്നും തരൂർ സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടു.