കാസര്‍കോട് :കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.പൈവളിഗ സ്വദേശിയായ 15 കാരി,ഇവരുടെ അയല്‍വാസിയായ യുവാവ് പ്രദീപ് (42) എന്നിവെരയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 52 അംഗ പൊലീസ് സംഘവും നാട്ടുകാരും നടത്തിയ തെരച്ചിലിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുളള മണ്ടക്കൊപ്പ് ഗ്രൗണ്ടിനടുത്തുളള മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഇരുവരെയും കാണാതായി 26 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ കാണാതായതിനൊപ്പം യുവാവിനെയും കാണാതായിരുന്നു.അതെസമയം പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയെന്ന ആരോപണം ഇയരുന്നുണ്ട്.പെണ്‍കുട്ടിക്കൊപ്പം കാണാതായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് മൊബൈല്‍ ഫോണും കത്തിയും കണ്ടെടുത്തു.പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.