തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തുടര്‍ച്ചയായ നാലാം ദിവസവും സഭാ നടപടികളെ സ്തംഭിപ്പിച്ച് ഭരണപക്ഷത്തിനെതിരെ പുതിയ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
‘അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ കൊള്ളസംഘം’ എന്നായിരുന്നു പുതിയ ബാനറിലെ വാചകം. ഈ ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചെയറിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശവും വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാനുള്ള സ്പീക്കറുടെ ശ്രമങ്ങളും ഉന്നയിച്ചതോടെയാണ് ഇന്ന് സഭയില്‍ ബഹളം ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ബാനര്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം കൂടുതല്‍ ശക്തമായി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സ്പീക്കര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നു.