പാലക്കാട് നാലുവയസുകാരനെ പിതൃസഹോദരന്‍റെ ഭാര്യ കഴുത്തുഞെരിച്ച് കൊന്നു

 

പാലക്കാട്: വണ്ണാമടയിൽ നാലുവയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്‍-ആതിര ദമ്പതിമാരുടെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്‍റെ ജ്യേഷ്ഠന്‍ ബാലകൃഷ്ണന്‍റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. ബന്ധുക്കൾ ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസ് മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ പിതാവ്മധുസൂദനന്‍ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. മദുസൂദനന്‍റെ അമ്മയ്ക്ക് സുഖമില്ലാത്തതിനെത്തുടർന്ന് അച്ഛൻ രവിയും ബാലകൃഷ്ണനും മധുസൂദനന്‍റെ ഭാര്യ ആതിരയുമടക്കം എല്ലാവരും സമീപത്തെ ആശുപത്രിയിൽ ആയിരുന്നു. ഉറക്കം വന്നതിനെതുടർന്ന് ഋത്വികിനെയും ബാലകൃഷ്ണന്‍റെ മകൾ വൈഗയെയും തിരിച്ച് വീട്ടിൽ കൊണ്ടാക്കി. ഇവരോടൊപ്പം ദീപ്തി ദാസിനെയും വീട്ടിലിരുത്തി. ആശുപത്രിയില്‍ പോയവർ തിരികെയെത്തിയപ്പോഴാണ് ദാരുണ ദൃശ്യം കണ്ടത്. സമീപത്ത് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ദീപ്തി ദാസ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ ദീപ്തി ദാസിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments (0)
Add Comment