നട്ടെല്ല് വളയ്ക്കാത്ത പോരാളി; പി ടി തോമസ് ഓർമയായിട്ട് രണ്ട് വർഷം; അസാന്നിധ്യം നികത്താനാകാതെ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: പി ടി തോമസ് എന്ന കരുത്തനായ നേതാവിന്റെ വായനാമുറിയിലെത്തുമ്പോൾ കാണുന്ന ഒരു വാചകമുണ്ട്…

‘സത്യം പറയുന്ന ഞാൻ ഒറ്റക്കാവാം. ഞാൻ പറയുന്നത് കേൾക്കാൻ ആളില്ലായിരിക്കാം. എന്നാൽ, മറ്റ് ശബ്ദങ്ങൾ തളർന്നാലും എന്‍റെ ശബ്ദം കേൾക്കാതിരിക്കില്ല’– രാഷ്ട്രപിതാവ്​ മഹാത്മാഗാന്ധിയുടേതാണ് വാക്കുകൾ.. ‘ഗാന്ധിജി ഇത് പറഞ്ഞത് എനിക്കുകൂടി വേണ്ടിയാണ്. നിലപാടുകളിൽ ഉറച്ചുനിൽക്കാൻ എന്നെ ഉത്തേജിപ്പിക്കുന്നതും ശക്തനാക്കുന്നതും ഈ വാക്കുകൾ തന്നെ’–എന്ന് പറഞ്ഞ മനുഷ്യനാണ് പി ടി തോമസ് എന്ന നിലപാടിന്റെ രാജകുമാരൻ.

ആ നിലപാടിന്റെ കരുത്തുറ്റ സാനിധ്യം മാഞ്ഞു പോയിട്ട് ഇന്ന് രണ്ട് വർഷം. പിന്നിടുകയാണ്…

എന്തുതരം വികസനത്തെക്കാളും പ്രാമുഖ്യം നൽകേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് എന്നും ഉറച്ചുവിശ്വസിച്ചിരുന്നയാളാണ്​ പി.ടി. നമ്മൾ ജീവിക്കുന്ന മണ്ണിനോട് നൂറ് ശതമാനം പറ്റില്ലെങ്കിലും കഴിയുന്നത്ര നന്ദി കാട്ടണമെന്ന്​ പറഞ്ഞതിന്‍റെ പേരിൽ അദ്ദേഹം നേരിടേണ്ടി വന്ന എതിർപ്പുകൾ ചില്ലറയല്ല.

പഠനം, പ്രണയം, രാഷ്ട്രീയം തുടങ്ങി ജീവിതയാത്രയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടതിനാൽ ഈ എതിർപ്പുകളെല്ലാം പി.ടിക്ക്​ കരുത്തേകിയി​ട്ടേയുള്ളൂ. സ്കൂൾ പഠനമായിരുന്നു ജീവിതത്തിലെ ആദ്യ വെല്ലുവിളി. ജന്മനാടായ ഉപ്പുതോടിൽ സ്കൂളില്ലായിരുന്നു. 12 കിലോമീറ്റർ അകലെ പാറത്തോടുള്ള സെൻറ് ജോർജ് സ്കൂളിലേക്ക് നടന്നുപോയാണ് പഠിച്ചത്. 8,9,10 ക്ലാസുകളിൽ സ്കൂൾ ലീഡർ ആയിരുന്നു. കർഷകനും ചെറുകിട ബിസിനസുകാരനുമായിരുന്ന പിതാവ് പുതിയാപറമ്പിൽ തോമസ് സ്വാതന്ത്ര്യസമര സേനാനി ആർ.വി. തോമസിന്‍റെ അടുത്ത ബന്ധു ആയിരുന്നതിനാൽ കോൺഗ്രസ് രാഷ്ട്രീയത്തോടായിരുന്നു ചെറുപ്പം മുതലേ താൽപര്യം. ഇടുക്കി ജില്ലാ രൂപവത്കരണ സമരം നടക്കുന്ന കാലം. വിദ്യാർഥികൾ പഠിപ്പുമുടക്കി സമരത്തിൽ പങ്കെടുത്തിരുന്നു. പഠിപ്പുമുടക്കി കൊന്നത്തടി വില്ലേജ് ഓഫിസ് പിക്കറ്റ് ചെയ്യാൻ പോയി അറസ്റ്റ് വരിച്ചിട്ടൊക്കെയുണ്ടെങ്കിലും പി.ടിയിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയെടുത്തത് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ പ്രീഡ്രിഗ്രി കാലമാണ്.

അവിടെ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡൻറായി സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പാർട്ടി നേതൃത്വം ഇടുക്കിയിലേക്ക് വിട്ടതോടെ തൊടുപുഴ ന്യൂമാൻസിലായി ഡിഗ്രി പഠനം. ഇടത് പാർട്ടി ഗ്രാമം ആയിരുന്ന കാലത്താണ് മഹാരാജാസിൽ പി.ജിക്ക് പഠിക്കുന്നത്. മറ്റാരെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു എസ്.എഫ്.ഐയുടേത്. പലപ്പോഴും അവരുടെ ആക്രമണത്തിനിരയായി.

ഒരിക്കൽ ഹോസ്റ്റൽ വളപ്പിൽ വെച്ച് സംഘം ചേർന്ന് അവർ മൃഗീയമായി മർദിച്ചു. ചോരവാർന്നു കിടന്ന പി.ടി അവിടെ പുല്ലുവെട്ടിക്കൊണ്ടിരുന്ന ഒരു സ്ത്രീ കണ്ടെത്തിയില്ലായിരുന്നെങ്കിൽ മരിക്കുമായിരുന്നു. ഇടതുമുന്നണിയിൽ കോൺഗ്രസ് ചേരുന്ന സമയത്തായിരുന്നു ആക്രമണം. കോളജ് ജീവിതത്തിനിടെ ആക്രമിക്കപ്പെട്ട് മൂന്ന് തവണയായി 120 ദിവസത്തോളം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. തേവര കോളജിൽ നടന്ന സംയുക്ത വിദ്യാർഥി സമരത്തിൽ പങ്കെടുത്ത പി.ടിയെ പൊലീസ് വളഞ്ഞിട്ട് മർദിച്ചതൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. മഹാരാജാസിൽ കെ.എസ്.യുവിൽ ഒപ്പം പ്രവർത്തിച്ച ഉമയുമായി വെല്ലുവിളികൾ നിറഞ്ഞ പ്രണയം ആരംഭിച്ചതും അക്കാലത്താണ്.

ബ്രാഹ്മണ കുടുംബാംഗമായിരുന്ന ഉമയുടെ വീട്ടുകാർ ഈ ബന്ധത്തെ കഠിനമായി എതിർത്തു. പള്ളിയിൽവെച്ച് കല്യാണം നടത്തണം എന്ന ആഗ്രഹം മാത്രമേ പി.ടിയുടെ വീട്ടുകാർ പറഞ്ഞുള്ളൂ. ഉമയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മതം മാറ്റിക്കാതെ ക്നാനായ നിയമം അനുസരിച്ച് കോതമംഗലത്തെ പള്ളിയിൽവെച്ചാണ് വിവാഹം കഴിച്ചത്.

കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോ‍ർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.

അങ്ങനെയും നിലപാടുകൾ കൊണ്ടും സമീപനങ്ങൾ കൊണ്ടും കരുത്തനായ നേതാവിനെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായത്.. നട്ടെല്ല് വളയ്ക്കാത്ത പോരാളിയുടെ ഓർമകൾക്ക് ഇന്ന് രണ്ടാണ്ട്.

 

Comments (0)
Add Comment