തിരുവല്ല വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് മക്കളും മരിച്ചു

Jaihind Webdesk
Monday, August 1, 2022

 

പത്തനംതിട്ട: തിരുവല്ല വെണ്ണിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഇടുക്കി കുമളി സ്വദേശി ചക്കുപള്ളം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു, മക്കളായ ബ്ലസി ചാണ്ടി, ഫെബാ ചാണ്ടി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെ പുറമറ്റം വെണ്ണിക്കുളം റോഡിൽ കല്ല് പാലം പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ചാണ്ടി മാത്യുവും മക്കളും സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും മൂവരെയും പുറത്തെടുക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചാണ്ടി മാത്യു പാസ്റ്ററാണ്. മകൾ ബ്ലെസി പരുമല സെന്‍റ് ഗ്രിഗോറിയസ് കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിനിയാണ്. ഫെബ ചാണ്ടി മാവേലിക്കര ടിജൂസ് അക്കാദമിയിലെ വിദ്യാർത്ഥിനിയാണ്. ഇരുവരെയും കൊളേജിലാക്കാനുള്ള യാത്രക്കിടെയായിരുന്നു അപകടം എന്ന് കരുതുന്നു. മൃതദേഹങ്ങൾ തിരുവല്ല താലൂക്ക് ആശുപത്രിയിലും കുമ്പനാട് ഉള്ള സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.